Wednesday, June 18, 2008

എന്തിനു...

എന്തിനു നീയെന്നിലൊരു
വസന്തമായി പെയ്തിറങ്ങി ??
എന്തിനു നീയെന്‍ കിനാക്കള്‍ക്കു
മഴവില്ലിന്‍ ചാരുതയേകി ??

എന്തിനു നീയെന്നെ ഈ കരിമ്പച്ചയായ,
അരുണകിരണമൊന്നുമേ എത്തിടാത്ത ,
കൊടും വനത്തിലേക്കെന്നെ കൊണ്ടു വന്നു ??
എന്നിട്ടെന്തിനു നീ എന്നെ അവിടെ തനിച്ചാക്കി ??
എന്തിനു നീ എന്നെ അവിടെ തനിച്ചാക്കി ??

ഇന്നെന്‍ കവിതകളില്‍
അപൂര്‍ണ്ണതകള്‍ മാത്രം വരുത്തുവാന്‍
എന്തിനു നീ കടന്നു വരുന്നു ??

Wednesday, June 11, 2008

അറിയാതെയുമറിഞ്ഞും..

അര്‍ക്കനും തിരിതാഴ്ത്തി അകലെ,
ചക്രവാളത്തില്‍ പൊന്‍നിറം വാരി വിതറി
മറയാനൊരുങ്ങുന്നൊരീ തൃസ്സന്ധ്യയില്‍ ....
ഗദ്ഗദമേറുമീ കണ്ഠത്തില്‍ നിന്നും
ഉയരുന്നൊരു മൌനസംഗീതം ,
ഇടമുറിഞ്ഞതാമീ സംഗീതം ...

അറിയാതെയുമറിഞ്ഞും ,
ഇടനെഞ്ചെന്തേ പിടയുന്നതിടക്കിടെ ??
കണ്ണുകളെന്തേ നനയുന്നതിടക്കിടെ ??
നിദ്രയില്‍ നിന്നെന്തേ ഉണരുന്നതും ??

പ്രദോഷം കാത്തിരിക്കുമടുത്ത പുലരിക്കായ്
ഉയര്‍ന്നു വരുന്ന സൂര്യന്റെ മുഖത്തൊന്നു ചുംബിക്കുവാന്‍ ..
ഇനിയുമെന്തേ കാത്തിരിക്കേണ്ടു,
അറിഞ്ഞു വരുത്തിയ നഷ്ടങ്ങള്‍ ഓര്‍ത്തു
പാടില്ലൊരിക്കലുമൊന്നു വിങ്ങീടുവാന്‍ ...

ഇടവപ്പാതിയിലൊന്നു നനഞ്ഞു നിവര്‍ന്നാല്‍
മറ്റെന്തു വ്യഥയും മാറീടിലും ,
ഒന്നിലും മാറിടാത്തതാമീ വിങ്ങല്‍ ...
അറിഞ്ഞു വരുത്തിയ നഷ്ടങ്ങളോര്‍ത്തു ,
പാടില്ലൊരിക്കലുമൊന്നു വിങ്ങീടുവാന്‍ ...

Thursday, May 29, 2008

ശീലിച്ചിടേണം...

ശീലിച്ചിടേണം നമ്മള്‍
വദനത്തിലൊരു മന്ദഹാസമേന്തുവാന്‍,
ഉള്ളമൊരു കനലായെരിഞ്ഞീടിലും ..

ശീലിച്ചിടേണം നമ്മള്‍
മൂര്‍ദ്ധാവിലൊന്നു ചുംബിക്കുവാന്‍,
ഉള്ളിലൊരിറ്റു കനിവും ബാക്കിയില്ലെങ്കിലും ..

ശീലിച്ചിടേണം നമ്മള്‍
പ്രണയത്തിന്‍ നിഴല്‍ അല്പവും പരക്കാതെ,
ഉള്ളിലൊരു പ്രണയാഗ്നി ആളിക്കത്തീടിലും ..

ശീലിച്ചിടേണം നമ്മള്‍
എല്ലാം മറക്കുവാന്‍ ,
ഇഷ്ടങ്ങള്‍ ഒരോന്നായി കൊഴിഞ്ഞകലുമ്പൊഴും ..

അവസാനമായ്,
ശീലിച്ചിടേണം നമ്മള്‍
ജീവനേക്കാള്‍ സ്നേഹിച്ച ഇഷ്ടങ്ങള്‍
കയ്യെത്തും ദൂരത്തു നഷ്ടപ്പെടുത്തി,
കയ്യില്‍ വരുന്നതിനെ സ്നേഹിക്കുവാനും ..
(എത്ര ശ്രമിക്കിലും അപ്രാപ്യമെങ്കിലും .. )

Thursday, March 27, 2008

എന്തിനു നീ പറന്നകന്നെന്നേക്കുമായി ??

മഞ്ഞപ്പട്ടട പുതച്ചു നീ കിടക്കുമ്പൊള്‍,
രാത്രിയുടെയേതോ യാമത്തില്‍ ആരും അറിയാതെ ,
ഒരു വെള്ളിനൂലയ് പറന്നകന്നപ്പോള്‍,
പിന്നെ ഇപ്പോള്‍,
വിണ്ണിന്നങ്ങെച്ചെരിവില്‍ ഇരുന്നു നോക്കുമ്പോള്‍,
കാണുന്നില്ലെ നിന്‍ ഉറ്റവരുടെ തേങ്ങലുകള്‍??

സ്വയമൊടുക്കിയ നിന്‍ ജീവിതം -
ആരെ തോല്പിക്കാനാകിലും ..
നഷ്ടം നിന്‍ ഉറ്റവര്‍ക്കു മാത്രമാണെന്നു അറിഞ്ഞില്ലയൊ ??
അകലത്തിരുന്നിട്ടും
അറിയാതിരുന്നിട്ടും
എന്തോ ഒരു വിങ്ങല്‍ ഞങ്ങള്‍ക്കുമേകി..
എന്തിനു നീ ഇതു ചെയ്തു കൂട്ടുകാരി??

നിനക്കായി ഉയരുമീ മുദ്രവാക്യങ്ങളും,
നിനക്കായി ഒരുക്കുമീ ഉപവാസങ്ങളും,
ഒരു വാരത്തിന്നപ്പുറം പോവുകില്ലെന്നറിഞ്ഞതല്ലെ ..
എല്ലാമവര്‍തന്‍ ലാഭങ്ങള്‍ക്കെന്നറിഞ്ഞതല്ലെ ..

നിനക്കായി ഉയരും,
ഒരിക്കലും ഒടുങ്ങാത്തതാം
തേങ്ങലുകള്‍ അവരുടേതു മാത്രം
നിന്റെ ഉറ്റവരുടേതു മാത്രം ..
എന്തിനു നീ അവര്‍ക്കീ -
നഷ്ടമേകി പറന്നകന്നെന്നേക്കുമായി ??

(സ്വയം ജീവന്‍ ഒടുക്കിയ സുമിക്കു വേണ്ടി..)

Thursday, March 6, 2008

നോവിക്കും തിരിച്ചറിവുകള്‍ ...

ഉറ്റ സുഹൃത്തിനുള്ളിലായ്
കനലുകള്‍ വാരി വിതറുമ്പോള്‍
തിരിച്ചറിവുകള്‍ എന്നെ
കുത്തി നോവിക്കുന്നു ..

ഒരു കടല്‍സ്നേഹമെന്‍ മുന്നില്‍ നില്ക്കുമ്പോള്‍
അറിയില്ല ഞാനാരെ ശ്രവിക്കണം..
എന്നെ അറിയും ഹൃദയത്തിനെയോ ??
സമൂഹം വളര്‍ത്തിയ മനസ്സിനെയോ??

എന്തിനേകിയെന്‍ ഹൃത്തിനീ വിലക്കുകള്‍ ??
മനസ്സില്‍ തോന്നിയ ഇഷ്ടങ്ങളെ,
പറയാനോങ്ങിയ വാക്കുകളെ ,
എന്നകതാരില്‍ വിരിഞ്ഞ പ്രണയത്തെ ,
എന്തിനായിരുന്നീ വിലക്കുകള്‍ ??
എന്തിനു സ്വയം കുഴിച്ചുമൂടി ??

കണ്ടില്ലെന്നു നടിക്കുവാനാകുന്നി-
- ല്ലെനിക്കീ ആഴിതന്‍ നീലിമ..
അതിന്നടിത്തട്ടില്‍ എന്നുമൊരു
മുത്തായ് തിളങ്ങുവാന്‍
ചിപ്പിയുടെ വലയത്തില്‍ ഉറങ്ങുവാന്‍
അലിഞ്ഞില്ലാതാവാന്‍ കൊതിക്കുന്നുവൊ??

ഇന്നെന്‍ നിസ്സഹായവസ്ഥ മൌനങ്ങളാകുമ്പോള്‍,
വഴികളേകന്തമാകുമ്പോള്‍,
അപ്രതീക്ഷിതമാം തിരിവുകള്‍ അനിവാര്യമാകുമ്പൊള്‍,
സ്വയം വരുത്തിയ നഷ്ടങ്ങളെന്നെ
പിന്നെയും കുത്തി നോവിക്കുന്നു..

മറക്കുവാനാവില്ലൊരിക്കലുമീ
ആഴിതന്‍ നീലിമ..
ഒരു മുത്തുപൊല്‍ തിളങ്ങട്ടതെന്നിലെന്നും ..
ആ നോവില്‍ ഞാനലിഞ്ഞില്ലതാവട്ടെ..

--edited and reposted

Wednesday, February 20, 2008

പ്രണയാര്‍ദ്രം ...

നടന്നില്ല ഒരിക്കലും -
പാടവരമ്പത്ത് നിന്‍ പിന്നിലായും,
ഇടവഴിയില്‍ തോളൊന്നുരുമ്മിയും,
പേമാരിയില്‍ ഒരു വാഴയിലച്ചോട്ടിലും ...
ഇരുന്നില്ല നമ്മള്‍ -
നദിക്കരയില്‍ ഒരു കിന്നാരം ചൊല്ലുവാനും ...
നിന്നില്ല നമ്മള്‍ -
മഴയൊഴിഞ്ഞൊരാകാശത്തു മഴവില്ലു നോക്കിയും ...

എങ്കിലും ,
ആര്‍ദ്രമാം പ്രണയം ഞാനറിഞ്ഞു,
നിന്‍ -
മിഴികളില്‍ വിരിഞ്ഞ വസന്തത്തില്‍ ,
അതില്‍ കണ്ടൊരായിരം വര്‍ണ്ണങ്ങളില്‍,
വദനത്തിലൂറിയ മന്ദസ്മിതത്തില്‍ ,
മൊഴികളില്‍ ഒളിഞ്ഞിരുന്ന അര്‍ത്ഥ്ങ്ങളില്‍ ,
നിന്‍ മൌനങ്ങളില്‍ ..

ഒരു കുളിര്‍തെന്നലാകം ഞാന്‍
നീ കുളിരുമെങ്കില്‍ ..
ആയുസ്സൊരുപകലെങ്കിലും
ഒരു പൂവായിടാം ഞാന്‍
നീ അതിന്‍ സൌരഭം നുകരുമെങ്കില്‍ ..
തോരതെ പെയ്യാമൊരു പെരുമഴയായ്
അതു നിനക്കാത്മഹര്‍ഷമേകുമെങ്കില്‍ ...
കാരണം ,
അത്രക്കിഷ്ട്ടമാണെനിക്കീ -
കുളിര്‍കാറ്റിനെ, പൂവിനെ,പെരുംമഴയെ ..
ഒരിക്കലും സ്വന്തമാക്കാനാവില്ലെങ്കിലും ...

Monday, February 18, 2008

അവ്യക്തം ..!!

തെളിഞ്ഞൂ എന്നോര്‍മ്മയില്‍
അവ്യക്തമാം ഒരു മുഖ ചിത്രം
മഴതുള്ളികള്‍ വാര്‍ന്നൊലിച്ച
ചില്ലുജാലകത്തിന്‍ അപ്പുറം
കാഴ്ചകള്‍ മറയ്ക്കുന്നതു പോല്‍
കണ്ടതും പരിചയപെട്ടതും
എല്ലാം അവ്യക്തം ...

ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു
ഞാനെന്‍ ചിത്രശേഖരം
പരതി നോക്കി
കണ്ടെത്തുവാനായില്ല ഒന്നും
എല്ലാം എവിടെയൊ കളഞ്ഞു പൊയീ..
ഓര്‍മ്മയില്‍ നിന്നും മാഞ്ഞു പൊയീ..

മറവിയും ഒരു അനുഗ്രഹം!!!
എല്ലം ഓര്‍ത്തിരിപ്പതു എന്തിനു ??
മറക്കാം എന്നേക്കുമയി ..
നഷ്ടങ്ങള്‍ എന്തെങ്കിലും തിരികെ നല്‍കുമൊ ??

ജീവിച്ചു തീര്‍ക്കാം ഈ ജന്മം
ഒന്നും നേടാനില്ലാതെ ..
സ്വപ്നങ്ങള്‍ കാണാനില്ലാതെ ..
ഒന്നും തിരികെ ലഭിക്കാന്‍ ഇല്ലാതെ ..
എല്ലാം ഒരു അവ്യക്ത ചിത്രമാവട്ടെ !!

Friday, February 15, 2008

ഇരവില്‍ പടര്‍ന്നൊരു കാട്ടുതീ...

ഇരവില്‍ പടര്‍ന്നൊരു കാട്ടുതീയില്‍
ഉരുകുകയാണെന്നന്തരംഗം
മകരമാസത്തിലെ മഞ്ഞിനും
അണക്കുവാനായില്ലൊരു തരി പോലും

കൊടുങ്കാറ്റ് ഇളക്കി മറിക്കും
തിരകള്‍ പോല്‍ അശാന്തമണെന്നകതാരു്‌
അതില്‍ ഒരു തരിയെങ്കിലും തുടച്ചു-
നീക്കുവാനശക്തമാണീ ചണ്ഡമാരുതന്‍ ..

ഒരിറ്റു നയനാംബൂ ഈ ഭൂവില്‍
പതിച്ചു കൂടാ നിന്‍ മിഴിയില്‍ നിന്നും
കരയുവാന്‍ നീ അര്‍ഹിക്കുന്നില്ല ..

മനസില്ലെനിക്കു തെല്ലും നിന്‍
വ്യഥതന്‍ കാരണം തേടുവാന്‍
ആശങ്കയില്ലെനിക്കൊട്ടുമേ
നിനക്കെന്താകിലും ..

പോവുക നീ നിന്റെ വഴിക്കു,
വരില്ല ഞാന്‍ നിന്നെ തേടുവാന്‍
എങ്കിലും ,
തരിക നീയെനിക്കു നിന്‍ വ്യഥകള്‍ മുഴുവന്‍,
എടുക്കുക നീ എന്നിലവശേഷിക്കും ഹര്‍ഷങ്ങള്‍ ..