Wednesday, June 11, 2008

അറിയാതെയുമറിഞ്ഞും..

അര്‍ക്കനും തിരിതാഴ്ത്തി അകലെ,
ചക്രവാളത്തില്‍ പൊന്‍നിറം വാരി വിതറി
മറയാനൊരുങ്ങുന്നൊരീ തൃസ്സന്ധ്യയില്‍ ....
ഗദ്ഗദമേറുമീ കണ്ഠത്തില്‍ നിന്നും
ഉയരുന്നൊരു മൌനസംഗീതം ,
ഇടമുറിഞ്ഞതാമീ സംഗീതം ...

അറിയാതെയുമറിഞ്ഞും ,
ഇടനെഞ്ചെന്തേ പിടയുന്നതിടക്കിടെ ??
കണ്ണുകളെന്തേ നനയുന്നതിടക്കിടെ ??
നിദ്രയില്‍ നിന്നെന്തേ ഉണരുന്നതും ??

പ്രദോഷം കാത്തിരിക്കുമടുത്ത പുലരിക്കായ്
ഉയര്‍ന്നു വരുന്ന സൂര്യന്റെ മുഖത്തൊന്നു ചുംബിക്കുവാന്‍ ..
ഇനിയുമെന്തേ കാത്തിരിക്കേണ്ടു,
അറിഞ്ഞു വരുത്തിയ നഷ്ടങ്ങള്‍ ഓര്‍ത്തു
പാടില്ലൊരിക്കലുമൊന്നു വിങ്ങീടുവാന്‍ ...

ഇടവപ്പാതിയിലൊന്നു നനഞ്ഞു നിവര്‍ന്നാല്‍
മറ്റെന്തു വ്യഥയും മാറീടിലും ,
ഒന്നിലും മാറിടാത്തതാമീ വിങ്ങല്‍ ...
അറിഞ്ഞു വരുത്തിയ നഷ്ടങ്ങളോര്‍ത്തു ,
പാടില്ലൊരിക്കലുമൊന്നു വിങ്ങീടുവാന്‍ ...