Thursday, March 27, 2008

എന്തിനു നീ പറന്നകന്നെന്നേക്കുമായി ??

മഞ്ഞപ്പട്ടട പുതച്ചു നീ കിടക്കുമ്പൊള്‍,
രാത്രിയുടെയേതോ യാമത്തില്‍ ആരും അറിയാതെ ,
ഒരു വെള്ളിനൂലയ് പറന്നകന്നപ്പോള്‍,
പിന്നെ ഇപ്പോള്‍,
വിണ്ണിന്നങ്ങെച്ചെരിവില്‍ ഇരുന്നു നോക്കുമ്പോള്‍,
കാണുന്നില്ലെ നിന്‍ ഉറ്റവരുടെ തേങ്ങലുകള്‍??

സ്വയമൊടുക്കിയ നിന്‍ ജീവിതം -
ആരെ തോല്പിക്കാനാകിലും ..
നഷ്ടം നിന്‍ ഉറ്റവര്‍ക്കു മാത്രമാണെന്നു അറിഞ്ഞില്ലയൊ ??
അകലത്തിരുന്നിട്ടും
അറിയാതിരുന്നിട്ടും
എന്തോ ഒരു വിങ്ങല്‍ ഞങ്ങള്‍ക്കുമേകി..
എന്തിനു നീ ഇതു ചെയ്തു കൂട്ടുകാരി??

നിനക്കായി ഉയരുമീ മുദ്രവാക്യങ്ങളും,
നിനക്കായി ഒരുക്കുമീ ഉപവാസങ്ങളും,
ഒരു വാരത്തിന്നപ്പുറം പോവുകില്ലെന്നറിഞ്ഞതല്ലെ ..
എല്ലാമവര്‍തന്‍ ലാഭങ്ങള്‍ക്കെന്നറിഞ്ഞതല്ലെ ..

നിനക്കായി ഉയരും,
ഒരിക്കലും ഒടുങ്ങാത്തതാം
തേങ്ങലുകള്‍ അവരുടേതു മാത്രം
നിന്റെ ഉറ്റവരുടേതു മാത്രം ..
എന്തിനു നീ അവര്‍ക്കീ -
നഷ്ടമേകി പറന്നകന്നെന്നേക്കുമായി ??

(സ്വയം ജീവന്‍ ഒടുക്കിയ സുമിക്കു വേണ്ടി..)

Thursday, March 6, 2008

നോവിക്കും തിരിച്ചറിവുകള്‍ ...

ഉറ്റ സുഹൃത്തിനുള്ളിലായ്
കനലുകള്‍ വാരി വിതറുമ്പോള്‍
തിരിച്ചറിവുകള്‍ എന്നെ
കുത്തി നോവിക്കുന്നു ..

ഒരു കടല്‍സ്നേഹമെന്‍ മുന്നില്‍ നില്ക്കുമ്പോള്‍
അറിയില്ല ഞാനാരെ ശ്രവിക്കണം..
എന്നെ അറിയും ഹൃദയത്തിനെയോ ??
സമൂഹം വളര്‍ത്തിയ മനസ്സിനെയോ??

എന്തിനേകിയെന്‍ ഹൃത്തിനീ വിലക്കുകള്‍ ??
മനസ്സില്‍ തോന്നിയ ഇഷ്ടങ്ങളെ,
പറയാനോങ്ങിയ വാക്കുകളെ ,
എന്നകതാരില്‍ വിരിഞ്ഞ പ്രണയത്തെ ,
എന്തിനായിരുന്നീ വിലക്കുകള്‍ ??
എന്തിനു സ്വയം കുഴിച്ചുമൂടി ??

കണ്ടില്ലെന്നു നടിക്കുവാനാകുന്നി-
- ല്ലെനിക്കീ ആഴിതന്‍ നീലിമ..
അതിന്നടിത്തട്ടില്‍ എന്നുമൊരു
മുത്തായ് തിളങ്ങുവാന്‍
ചിപ്പിയുടെ വലയത്തില്‍ ഉറങ്ങുവാന്‍
അലിഞ്ഞില്ലാതാവാന്‍ കൊതിക്കുന്നുവൊ??

ഇന്നെന്‍ നിസ്സഹായവസ്ഥ മൌനങ്ങളാകുമ്പോള്‍,
വഴികളേകന്തമാകുമ്പോള്‍,
അപ്രതീക്ഷിതമാം തിരിവുകള്‍ അനിവാര്യമാകുമ്പൊള്‍,
സ്വയം വരുത്തിയ നഷ്ടങ്ങളെന്നെ
പിന്നെയും കുത്തി നോവിക്കുന്നു..

മറക്കുവാനാവില്ലൊരിക്കലുമീ
ആഴിതന്‍ നീലിമ..
ഒരു മുത്തുപൊല്‍ തിളങ്ങട്ടതെന്നിലെന്നും ..
ആ നോവില്‍ ഞാനലിഞ്ഞില്ലതാവട്ടെ..

--edited and reposted